ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തിന്റെ വളര്‍ച്ചയിൽ ചരിത്രപരവും സാമൂഹ്യവും സാംസ്കാരികവുമായ ഒരു പശ്ചാത്തലമുണ്ട്. എ.ഡി. പതിനൊന്നാം നൂറ്റാണ്ടിൽ ചേര സാമ്പ്രാജ്യത്തിന്റെ തകര്‍ച്ചയെ തുടര്‍ന്ന് പല സാമന്തന്മാരും ഇടപ്രഭുക്കന്മാരും സ്വയം ഭരണാധികാരികളായി പ്രഖ്യാപിച്ച് സ്വന്തമായി രാജ്യങ്ങൾ സ്ഥാപിച്ചു. പഴയ കോട്ടയം ഡിവിഷനില്‍പെടുന്ന പ്രദേശങ്ങൾ വടക്കുംകൂർ, തെക്കുംകൂര്‍, പൂഞ്ഞാർ ഇടപ്പള്ളി ആലങ്ങാട് എന്നിങ്ങനെ ആറു രാജ്യങ്ങളായിരുന്നു. എ.ഡി 1100 - നടുത്ത് വെണ്പൊലിനാട് രണ്ടു രാജ്യങ്ങളായി പിരിഞ്ഞ് ഉണ്ടായതാണ്. തെക്കുംകൂറും, വടക്കുംകൂറും. വാഴൂര്‍ ബ്ലോക്ക് പ്രദേശം തെക്കുംകൂറില്‍ പെട്ടിരിക്കുന്നു.
1794 - ല്‍ മാര്‍ത്താണ്ഡവര്‍മ്മ തെക്കുംകൂര്‍ പിടിച്ചടക്കിയതോടെ ഭൂമിയെക്കുറിച്ച് കണ്ടെഴുത്ത് നടത്തി ഉടമസ്ഥതയെക്കുറിച്ച് പൂര്‍ണ്ണ വിവരമടങ്ങുന്ന രേഖകള്‍ തയ്യാറാക്കി. അവര്കുരുമുളക് തോട്ടങ്ങള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തിയതോടെ ആധുനികകൃഷിയുടെ ആരംഭം കുറിച്ചു. 1850 കാലഘട്ടത്തോടെ ക്രിസ്ത്യന്‍ മിഷനറിമാര്‍ പ്രദേശത്ത് കുടിയേറിപ്പാര്‍ത്തു. അന്ന് ഭുവുടമകളായിരുന്ന ചുരുക്കം ജന്മിമാരില് നിന്നും ഒറ്റിയും, കുഴിക്കാണവും വഴി ഭൂമി വാങ്ങിയ ക്രിസ്ത്യന്കുടിയേറ്റക്കാരാണ് കാടുകള്‍ കൃഷിചെയ്തു നാടാക്കി മാറ്റിയവരില്‍ പ്രധാനികള്‍.
സ്വാതന്ത്ര ലബ്ധിക്കുശേഷം ഗ്രാമവികസനപ്രവര്ത്തനങ്ങള് 1950 - കളില്‍ പദ്ധതി പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് നടപ്പാക്കിതുടങ്ങിയത്. ഇതിന്റെ അനുഭവത്തില്‍ നിന്നാണ് ദേശീയ വിജ്ഞാന വ്യാപന പരിപാടി (എന്‍.ഇ.എസ്) രൂപീകരിച്ച്. 1952 ഒക്ടോബര്‍ 2 ന് വിവിധ സംസ്ഥാനങ്ങളിലെ55 പ്രദേശങ്ങളില്‍ സാമൂഹ്യ വികസന പരിപാടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കേരളത്തില്‍ പാലക്കാട്, കുന്നത്തുനാട്, ചാലക്കുടി, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ ഇത്തരം പരിപാടികള്‍ നടപ്പാക്കുന്നതിനുള്ള ഏജന്‍സികളായ എന്‍.ഇ.എസ്. ബ്ലോക്കുകള്‍ രൂപീകരിക്കപ്പെട്ടു. ഒരു ലക്ഷം ജനങ്ങള്‍ക്ക് ഒരു ബ്ലോക്ക് എന്ന നിലയിലായിരുന്നു അന്ന് വിഭാവനം ചെയ്തിരുന്നത്.
1958 കാലഘട്ടത്തില്‍ വാഴൂര്‍ ബ്ലോക്ക് രൂപീകരിക്കപ്പെട്ടു. ചാകോംപതാല് കവലയില്‍ കാക്കാന്‍തോട്ടില്‍ ശ്രീ. കുര്യന് അലക്സ് വക കെട്ടിയം വാടകയ്ക്കെടുത്ത് ഓഫീസ് പ്രവര്‍ത്തിച്ചുതുടങ്ങി. പി.റ്റി.ചാക്കോയുടെ സന്തത സഹചാരിയായ പീടികയ്ക്കല്‍ ജോസ് (പി.വി. ജോസ്) ബ്ലോക്ക് ആസ്ഥാനം കങ്ങഴയിലേയ്ക്ക് മാറ്റാനും പൂനാട്ട് അപ്പച്ചന് (പി.റ്റി.തോമസ്) ചാകോംപതാലില് നിലനിര്‍ത്താനും പി.റ്റി.ചാക്കോയില്‍ സമ്മര്‍ദ്ദം ചെലുത്തി. ചാക്കോയുടെ മനസ്സ് ചാകോംപതാലില് ആയിരുന്നു. കങ്ങഴക്കാര്ക്ക് ഇടയിരിക്കപ്പുഴ ആശുപത്രി നല്കി സമാധാനിപ്പിച്ചു.
പി.റ്റി.ചാക്കോയുടെ അഭ്യര്‍ത്ഥനമാനിച്ച് ശ്രീ. ജോണ്‍ വെട്ടുവേലി, ജെയിംസ് വെട്ടുവേലി, മാത്യു വെട്ടുവേലില്‍ എന്നീ മക്കള്‍ അവരുടെ പിതാവ് ശ്രീ. ഉലഹന്നാന് ജോസഫ് വെട്ടുവേലിയുടെ അനുമതിയോടെ 2 ഏക്കര്‍ സ്ഥലം ബ്ലോക്കോഫീസിനു സംഭാവനയായി നല്കി. ബ്ലോക്കോഫീസ് കെട്ടിടത്തിന്റെ കല്ലിടല്‍ കര്‍മ്മം അന്നത്തെ കേരളാ ഗവര്‍ണ്ണറും പിന്നീട് രാഷ്ട്രപതിയുമായി തീര്‍ന്ന ശ്രീ. വി.വി. ഗിരിയാണ് നിര്‍വ്വഹിച്ചത്. അന്ന് ശ്രീ. വി.കെ. വേലപ്പനായിരുന്നു വാഴൂര്‍ എം.എല്‍.എ. കെട്ടിടത്തിന്റെ പണി ഏറ്റെടുത്തു നടത്തിയത് ചേലക്കൊമ്പുകോശികുഞ്ഞാണ് ആശാരിപ്പണി നടത്തിയത്. വേശ്മണി കടയനിക്കാട്ടാണ്. മേസ്തിരിപ്പണി ഇടയിരിക്കപ്പുഴ കൊച്ചാണ് നടത്തിയത്. മൂന്നു ബ്ലോക്കോടുകൂടിയ ആഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം 26-04-1962 നു നടന്നതായി ബ്ലോക്ക് രേഖകളില്‍ കാണുന്നു. ആദ്യത്തെ ബ്ലോക്കാഫീസര് ശ്രീ.എം.കെ. രവീന്ദ്രനാഥന്‍ ആയിരുന്നു.
ഗ്രാമവികസന വകുപ്പിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന ബ്ലോക്കില്‍ ബി.ഡി.സി. എന്ന പേരില്‍ നോമിനേറ്റുചെയ്യപ്പെട്ട ഉപദേശക സമിതി ഉണ്ടായിരുന്നുവെങ്കിലും ഭരണഘടനാപരമായ പിന്‍ബലമുള്ള തെരഞ്ഞെടുക്കപ്പെട്ട സമിതി ഉണ്ടായത് 73,74 ഭരണഘടനാഭേദഗതിയിലൂടെ 1994 ലെ പഞ്ചായത്ത് രാജ് ആക്ടിലൂടെയും ആണ്. ഇതിന്റെ അടിസ്ഥാനത്തില്‍ 1995 സെപ്റ്റംബര്‍ മാസം 25-ാം തീയതി നടന്ന തെരഞ്ഞെടുപ്പിലൂടെ ആദ്യത്തെ ഭരണ സമിതി അധികാരമേറ്റു. ആദ്യ പ്രസിഡന്റായി ശ്രീമതി. കെ.സി. ശ്രീകുമാരി 1195 ഒക്ടോബര്‍ 2 ല്‍ അധികാരമേറ്റെടുത്തു. കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരി താലൂക്കില്‍ വാഴൂര്‍ വില്ലേജില്‍ ചാകോംപതാലിനു സമീപമുള്ള വെട്ടുവേലിപ്പടിയിലാണ് വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. വെട്ടുവേലിപ്പടി എന്ന സ്ഥലനാമം ബ്ലോക്കോഫീസ് സ്ഥാപിതമായതിനുശേഷം ബ്ലോക്ക് പടി എന്ന് പേരിലാണ് അറിയപ്പെടുന്നത്.
1962 ല്‍ സ്ഥാപിച്ച വാഴൂര്‍ ബ്ലോക്കോഫീസ് മണിമല - കൊടുങ്ങൂര്‍ റോഡില്‍ മണിമല നിന്നും 5 കി.മി വടക്കും കൊടുങ്ങൂരില്‍ നിന്നും 6 കി.മി തെക്കുമായി സ്ഥിതിചെയ്യുന്നു. തെക്ക് പത്തനംതിട്ട ജില്ലയും കിഴക്ക് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തും വടക്ക് പാമ്പാടി ബ്ലോക്ക് പഞ്ചായത്തും പടിഞ്ഞാറ് മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തുമാണ്. വാഴൂര്‍ ബ്ലോക്കിന്റെ അതിരുകള്‍ തെക്കുഭാഗത്തുകൂടെ കിഴക്കുപടിഞ്ഞാറായി മണിമലയാര്‍ ഒഴുകുന്നു. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഭു വിസ്തൃതി 150.34 ച.കി.മീറ്ററാണ്. മലകളും താഴ് വരകളും ഇടകലര്‍ന്ന ഭൂപ്രദേശമാണിത്. ജനസംഖ്യ 157367 ബ്ലോക്കിലെ സാക്ഷരത 97%ആണ്. ചങ്ങനാശ്ശേരി താലൂക്കിലെ കറുകച്ചാല്‍, നെടുങ്കുന്നം, കങ്ങഴ, വെള്ളാവൂര്‍ വില്ലേജുകളും കാഞ്ഞിരപ്പള്ളി താലൂക്കിലെ ചെറുവള്ളി, ചിറക്കടവ് വില്ലേജുകളും ഉള്‍പ്പെട്ടതാണ് വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത്.
ഈ ബ്ലോക്ക് പഞ്ചായത്തിലെ കറുകച്ചാല്‍, നെടുംങ്കുന്നം, കങ്ങഴ, വെള്ളാവൂര്‍, ചിറക്കടവ് പഞ്ചായത്തുകളിലായി നിലവിൽ 103 വാര്‍ഡുകള്‍ ഉണ്ട് 14 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും 3 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും ഉണ്ട്. കാഞ്ഞിരപ്പള്ളി അസംബ്ലി നിയോജക മണ്ഡലത്തിലും, പത്തനംതിട്ട പാല്‍ലമെന്റ് നിയോജക മണ്ഡലത്തിലും ഉള്‍പ്പെട്ട പ്രദേശമാണിത്.
ഈ പ്രദേശത്തിന്റെ സമ്പദ്ഘടന കാര്‍ഷിക പ്രധാനമാണ്. നെൽ കൃഷി, കപ്പ, ചേന, ചേമ്പ്, വാഴ, കാച്ചില്, പച്ചക്കറികള്‍ തുടങ്ങിയവ കൃഷിചെയ്യുന്നതിലൂടെ പ്രദേശത്തിനാവശ്യമായ ഭൂരിഭാഗം ഭക്ഷ്യവസ്തുക്കളും ഇവിടെത്തന്നെ ഉല്പാദിപ്പിച്ചിരുന്നു. തെങ്ങ്, കമുക്, നാടന്‍ മാവ്, പ്ലാവ്, വാളന്‍പുളി, കൊടംപുളി, കുരുമുളക്, മഞ്ഞള്‍, ഇഞ്ചി, കച്ചോലം തുടങ്ങിയവ ഗാര്‍ഹിക ആവശ്യത്തിനും ഔഷധനാണ്യവിളകളായും കൃഷിചെയ്തിരുന്നു. കരിമ്പ് വ്യാപകമായി വെള്ളാവൂർ മേഖലയിൽ കൃഷി ചെയ്തിരുന്നു. മണിമലയാറിലൂടെ കരിമ്പ് പുളിക്കീഴിലെ പഞ്ചസാര ഫാക്ടറികളിൽ എത്തിച്ചിരുന്നു.
തെങ്ങിനുണ്ടായ വ്യാപക കാറ്റുവീഴ്ചയും തേങ്ങയുടെ വിലയിടിവും കര്‍ഷകരെ റബ്ബര്‍കൃഷിയിലേയ്ക്ക് ആകര്‍ഷിച്ചു. മുഖ്യ കൃഷി റബറായതോടെ മറ്റുകൃഷികള്‍ നാമമാത്രമായി നിലവില്‍ റബ്ബര്‍ വിലയിടിവും ഉല്പാദന ചിലവിലുള്ള വര്‍ദ്ധനവും ഈ പ്രദേശത്തിന്റെ സമ്പദ്ഘടനയ്ക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. പുത്തന്‍ തലമുറ വിദ്യാസമ്പന്നരുടേതാണ്. സ്വദേശത്തും വിദേശത്തും ഉന്നത തലങ്ങളില്‍ ഇവര്‍ ജോലി നേടിക്കഴിഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ അവിസ്മരണീയ വ്യക്തികൾ
പി.റ്റി.ചാക്കോ -1957 ൽ ലോക്സഭയിൽ പ്രതിപക്ഷ നേതാവും പീന്നീട് കേരള ആഭ്യന്തര മന്ത്രിയുമായി തിളങ്ങിയ പി.റ്റി.ചാക്കോയുടെ ജന്മനാടാണ്. ചാമംപതാൽ. അദ്ദേഹമാണ് വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് ചാമംപതാലിൽ സ്ഥാപിക്കുവാന്‍ കാരണഭൂതന്. കെ. നാരായണക്കുറുപ്പ് -1954 തിരുക്കൊച്ചി നിയമ സഭയിലേയ്ക്ക് കന്നി വിജയം 7 തവണ (1963,65,70,77,91,96,2001) വാഴൂരിനെ പ്രതിനിധീകരിച്ച മുന്‍മന്ത്രിയും ഡപ്യൂട്ടി സ്പീക്കറുമായിരുന്ന കറുകച്ചാൽസ്വദേശി. കടയനിക്കാട് പുരുഷോത്തമന് പിള്ള (മുന്‍ എം.എല്‍.എ) - 1967 കടയനിക്കാട് പുരുഷോത്തമന് പിള്ള (മുന്‍ എം.എല്‍.എ) -പൊന്‍കുന്നം (1980 -82) കാനം രാജേന്ദ്രന് (മുന്‍ എം.എല്‍.എ) -(1982 -1987) . അഡ്വ പി.സി. തോമസ് - പി.റ്റി. ചാക്കോയുടെ സീമന്ത പുത്രനും വാജ്പേയി മന്ത്രിസഭയിലെ സഹമന്ത്രിയും ചാമംപതാൽ സ്വദേശിയാണ്. അഡ്വ.അല്‍ഫോണ്‍സ് കണ്ണാന്താനം- കോട്ടയം ജില്ലാ കളക്ടര്‍, ലോകത്തിലെ 100 പ്രഗത്ഭ ഭരണാധികാരികളിലോരാളായി അംഗീകരിക്കപ്പെട്ട ഐ.എ.എസ് കാരന്. കാഞ്ഞിരപ്പള്ളിയുടെ മുന്‍ എം.എല്‍.എ.മുൻ കേന്ദ്ര ഐ.റ്റി &ടൂറിസം സഹമന്ത്രി മണിമലയുടെ പ്രിയപുത്രന് കൃത്യമായി പറഞ്ഞാല്‍ വെള്ളാവൂരാണ് അദ്ദേഹത്തിന്റെ ഊര്. ഡോ.എന്‍.ജയരാജ് - ശ്രീ.കെ.നാരായണ കുറുപ്പിന്റെ സീമന്ത പുത്രന് കാഞ്ഞിരപ്പള്ളിയുടെ എം.എല്‍.എ. (2006,2011,2016,2021) കാര്‍ഡിനല്‍ മാര്‍ ആന്റണി പടിയറ- കേരളാ കത്തോലിക്ക സഭയുടെ അമരക്കാരന് ബഹുഭാഷാ പണ്ഡിതന്, ഗ്രന്ഥകര്‍ത്താവ്, വെള്ളാവൂരില്‍ പിറന്ന മണിമലയുടെ അഭിവന്ദ്യ പുത്രന്.എം. കെ. ജോസഫ് ഐ.പി.എസ് - കേരളത്തിലെ ആദ്യ ഡിജിപി മണിമല സ്വദേശിയാണ്.
ജോസഫ് പനച്ചിപ്പുറം- പനച്ചി എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന മലയാള മനോരമ വാര്‍ത്താവിഭാഗം മുഖ്യ പത്രാധിപര്‍ ജോസ് പനച്ചിപ്പുറത്തിന്റെ ജന്മനാടും വാഴൂരിലെ ചാമംപതാൽ ആണ്. എം.ജെ. ഫിലിപ്പ്-മലയാളികളെ വായനാശീലം പഠിപ്പിച്ച കാനം ഈ.ജെ എന്ന തൂലികാനാമധാരിയായ സാഹിത്യകാരന്. സോമനാഥന് -പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് നാഥന് എന്നറിയപ്പെടുന്ന സോമനാഥന്. അഖില്‍ കൃഷ്ണന്-2007 - ല്‍ ദേശീയ ജൂനിയര്‍ അത് ലറ്റ് മീറ്റര്‍ ഹര്‍ഡില്‍സില്‍ റിക്കാര്‍ഡ് സൃഷ്ടിച്ച കണ്ണനാനി അഖില്‍ കൃഷ്ണന്. സുരവി തോമസ്, റിഷി തോമസ് -അന്റാര്‍ട്ടിക്കയിലേയ്ക്ക് സാഹസിക യാത്ര നടത്തുകയും, സാഹസികാനുഭവങ്ങള്‍ - അഡ്വഞ്ചേഴ്സ് ഇന്‍ അന്റാര്‍ട്ടിക്ക എന്ന യാത്രാവിവരണം പ്രസിദ്ധപ്പെടുത്തുകയും ചെയ്ത സുരവി തോമസ്, റിഷി തോമസ് എന്നിവരും കാനത്തിന്റെ അഭിമാനങ്ങളാണ്. പൊന്‍കുന്നം ദാമോദരന്‍ -പച്ചപ്പനം തത്തേ................ എന്ന ഗാനത്തിലൂടെ പ്രശസ്തനായ വിപ്ലവകാരി. മോഹന്‍ ഡി കങ്ങഴ -കുറ്റാന്വേഷണ നോവല്‍ ശാഖയെ വായനക്കാരുടെ ഹരമാക്കി മാറ്റിയ മോഹന്‍ ഡി കങ്ങഴ. ഡോ. കാനം ശങ്കരപിള്ള -വൈദ്യശാസ്ത്ര രംഗത്തും സാഹിത്യ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭ.കെ. പി. എ. സി. രവി -ദീര്‍ഘകാലമായി സ്വാതിതിരുന്നാള്‍ സംഗീത വിദ്യാലയം നടത്തിവരുന്ന സംഗീതജ്ഞനും നാടക നടനുമാണ്.എം.എന്‍.തങ്കപ്പന് കറുകച്ചാല്‍ -നാടന്‍പാട്ട്, കഥാപ്രസംഗം, നാടകരചന. ബിനു കണ്ണന്താനം -77 മണിക്കൂര്‍ തുടര്‍ച്ചയായി പ്രസംഗിച്ച് ഗിന്നസ് ബുക്കില്‍ ഇടം നേടിയ ബിനു കണ്ണന്താനം മണിമല, പ്രസംഗത്തിന് ഇന്ത്യയില്‍ ഗിന്നസ് അംഗീകാരം ലഭിക്കുന്ന 4-ാം മത്തെ വ്യക്തി. കൊച്ചു സാര്‍ -കഥാ പ്രസംഗ രംഗത്തെ അതികായല് എ.എന്‍.ആര്.പിള്ള എന്നറിയപ്പെട്ടിരുന്ന കൊച്ചു സാര്‍ അജിത് ചെറുവള്ളി -തുടര്‍ച്ചയായി 88,89 വര്‍ഷങ്ങളില്‍ കലാപ്രതിഭ പട്ടം നേടിയ അനുഗ്രഹീത കലാകാരന് അജിത് ചെറുവള്ളി. സി.എന്‍.വേണുഗോപാല്‍ -അനുഗ്രഹീത സംഗീതജ്ഞന് കടയനിക്കാട് സഹജമണി - . തകില് വിദഗ്ധന്‍. ബേബി മാരാർ ചെറുവള്ളി - താള വിദ്യാ വിദഗ്ധന്‍. കടയനിക്കാട് ഉണ്ണികൃഷ്ണന്- നാടക നടന്. പുരുഷോത്തമന് കര്‍ത്ത -ഓട്ടം തുള്ളല്‍ കലാകാരന് . പി. മധു പൊന്‍കുന്നം -ജനകീയ കവി. പൊന്‍കുന്നം വര്‍ക്കി -പ്രശസ്ത നോവലിസ്റ്റ്, കഥാകൃത്ത്, നാടകകൃത്ത് .കെ.ഒ.സി.കരിങ്ങനാടന്‍, പൊന്‍കുന്നം സെയ്ദ് -നാടകരചയിതാക്കള്‍. പി.വി. ഫിലിപ്പോസ് (കാഞ്ഞിരപ്പാറ -ഫ്ളൈയിംഗ് ഓഫീസര്‍ (നെഹ്റു ജനറല്‍ കരിപ്പയ എന്നിവരുടെ പൈലറ്റ്, 1951 ഒക്ടോബര്‍ 6 ന് ടര്‍ക്കിയില്‍ വച്ചുണ്ടായ വിമാനപകടത്തില്‍ അകാലചരമമടഞ്ഞു) കെ.ജി.ജോര്‍ജ്, കോഴികുന്നത്ത് ,ശാന്തിപുരം -ഇന്ത്യ - പാക്കിസ്ഥാന് യുദ്ധത്തില്‍ ധീരമായ സേവനം കാഴ്ചവെച്ചതിന് 1965 - ല്‍ രാജ്യം വീരചക്രബഹുമതി നല്കി ആദരിച്ചു. കെ.പി.ഭാസ്കരന് നായര്‍ -2-ാം ലോക മഹായുദ്ധത്തില്‍ നേരിട്ട് പങ്കെടുത്ത പടയാളി, ജപ്പാന്റെ യുദ്ധ തടവുകാരനായി പിടിക്കപ്പെട്ടു. മോചന ശേഷവും സ്തുതൃഹമായി സൈനിക സേവനം തുടര്‍ന്ന ഈ രാജ്യസ്നേഹി കറുകച്ചാല്‍ പഞ്ചായത്തിലെ ചമ്പക്കരയില്‍ - കുന്നപ്പള്ളി മേടയ്ക്കല്‍ കുടുംബാഗമാണ്. ചാക്കോച്ചന് കൊച്ചുമുറി -വിമല്‍ എന്ന പേരില്‍ അറിയപ്പെടുന്ന നാടക കൃത്ത്, സംവിധായകന് പ്രകാശ് മണി -നാടക കൃത്ത്, സംവിധായകന്, മാദ്ധ്യമ പ്രവര്ത്തകന്, അദ്ധ്യാപകൻ. കോട്ടയം നസീര്‍ - സിനിമാതാരം, മിമിക്രി കലാകാരന്, സംവിധായകന്, ചിത്രകാരന് കറുകച്ചാല്‍ സ്വദേശി. ഇങ്ങനെ എത്ര എത്രയോ പ്രതിഭകള്‍ക്ക് ജന്മം നല്കിയ വാഴ് വിന്നെ ഊര് അഥാവാ ഐശ്വര്യത്തിന്റെ നാട് വാഴൂര്‍.